Sunday, May 25, 2014

സണ്‍ഡേ മദ്രസ ഒറ്റ നോട്ടത്തില്‍

മദ്രസാപഠനരംഗത്തെ ന്യൂതനവും ശാസ്ത്രീയവുമായ പരിഷ്കരണം... മുബാറക് സണ്‍ഡേ മദ്രസ... മഞ്ചേരിയിലുള്ള മുബാറക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിനോടനുബന്ധിച്ച് നടന്നുവരുന്ന സ്ഥാപനം വിജയകരമായ ജൈത്രയാത്രയില്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്..

75 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും 2012 മെയ് മാസത്തില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ ആറ് അധ്യാപകരും 100 ഓളം കുട്ടികളും ഉണ്ട്. മദ്രസാപഠനം നഷ്ടപ്പെടുകയോ വേണ്ടവിധം ലഭിക്കാതെ പോകുകയോ ചെയ്ത സ്കൂളില്‍ പത്താം തരം വരെയുള്ള കുട്ടികളെയാണ് പ്രധാനമായും ഈ സ്ഥാപനം ലക്ഷ്യം വെക്കുന്നത്. കുട്ടികള്‍ക്ക് ലഭ്യമായ മദ്രസാപഠനം പരിശോധിച്ച് അവര്‍ക്ക് അര്‍ഹമായ ക്ലാസിലേക്ക് പ്രമോഷന്‍ നല്‍കുകയാണ് ചെയ്തുവരുന്നത്. അതിനായി ഇപ്പോള്‍ അഞ്ച് ഘട്ടങ്ങളാക്കി തിരിച്ചിട്ടുണ്ട്. സഹ്റ, വര്‍ദ്ദ, റൌദ, യാസ്മിന്‍, റൈഹാന്‍ എന്നിങ്ങനെ സ്കൂളിലെ ഒന്നുമുതല്‍ പത്ത് വരെയുള്ള കുട്ടികളെ ഇരുത്താന്‍ പാകത്തില്‍ 5 ക്ലാസുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഉന്നത മതപഠനവും പരിശീലനവും ഉള്ള ആറ് അധ്യാപകരാണ് ഇപ്പോള്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്നത്. അതോടൊപ്പം ആവശ്യാനുസരണം പുറമെ നിന്ന് വിവിധ കഴിവുകളുള്ളവരെയും ഉപയോഗപ്പെടുത്താറുണ്ട്.

ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഏഴര മുതല്‍ പതിനൊന്നരവരെ അഞ്ച് പിരീഡുകളായി തിരിച്ചാണ് വിഷയങ്ങള്‍ നല്‍കിവരുന്നത്. ഖുര്‍ആന്‍ പാരായണം, ആശയ പഠനം, ഹദീസ് പഠനം, ഇസ്ലാമിക ചരിത്രം, കര്‍മാനുഷ്ഠാനങ്ങള്‍, സ്വഭാവചര്യങ്ങള്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കി പ്രത്യേകം സിലബസ് ഓരോ ക്ലാസിലേക്കും തയ്യാറാക്കിയിരിക്കുന്നു. നമസ്കാരം പോലുള്ള അനുഷ്ഠാന കര്‍മങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനേക്കാള്‍ അവ പ്രയോഗികമായി അഭ്യസിപ്പിക്കാനും ശ്രമിക്കുന്നു. തദാവശ്യാര്‍ഥം അടുത്തുള്ള പള്ളിയെ ഉപയോഗപ്പെടുത്തുന്നു.

സിലബസിന്റെ ഭാഗമായി ഐടി /സ്മാര്‍ട്ട് റൂം ക്ലാസുകളും ഉപയോഗപ്പെടുത്തിവരുന്നു. ഖുര്‍ആന്‍ പാരായണം, ചരിത്ര സിഡികള്‍, സ്വഭാവചര്യ പഠിപ്പിക്കുന്ന വീഡിയോ സിഡികള്‍, ആനിമേഷന്‍ പഠന ഡോക്യുമെന്ററികള്‍, ജന്തുലോകത്തിലെയും സൃഷ്ടിപ്പിലെയും അത്ഭുതങ്ങള്‍ ചിത്രീകരിക്കുകയും അവയുടെ പിന്നിലുള്ള സൃഷ്ടാവിനെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മലയാള ഡോക്യൂമെന്ററി സീഡികള്‍ എന്നിവയൊക്കെ ആവശ്യനുസരണം കുട്ടികളെ കാണിക്കുന്നു.

മാസത്തിലൊരിക്കല്‍ വിദ്യാര്‍ഥികളിലെ അറിവും കഴിവും പ്രകടിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് സാഹിത്യസമാജങ്ങളും നടത്തിവരുന്നു.

മജ് ലിസുത്തഅ് ലീമുല്‍ ഇസ്ലാമി പ്രസിദ്ധീകരിച്ച മദ്രസാ പാഠപുസ്തകങ്ങളും അനുബന്ധമായി മറ്റുചില ഇസ്ലാമിക പുസ്തകങ്ങളും ഉള്‍പ്പെടുത്തിയാണ് നിലവിലെ സിലബസ് ക്രമീകരിച്ചിരിക്കുന്നത്.


ആവശ്യാനുസരണം പാരന്റ് മീറ്റിംഗ് ചേരുകയും അത്തരം സന്ദര്‍ഭത്തില്‍ വിദഗ്ദരായ വ്യക്തികളുടെ പാരന്റിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. 

No comments:

Post a Comment